കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Saturday, May 23, 2020

പലതരം മാസ്കുകൾ (കവിത) എം.വി.ഷാജി

 വിദ്യാസാഹിതി കവിഭാഷ ഓൺലൈൻ
പലതരം മാസ്കുകൾ


എം.വി.ഷാജി


കൊറോണയ്ക്കും മുമ്പ്
പലതരം മാസ്കുകൾ ശീലമായിരുന്നു.
ദേവാലയങ്ങളിൽ
(അന്ധ)വിശ്വാസ മാസ്കുകൾ
പാർട്ടിയിലും ജാഥയിലും
(വ്യാജ )ആദർശ മാസ്കുകൾ
കൈക്കൂലി വാങ്ങുന്ന ആപ്പീസിൽ 
മുഖഭാവം തെളിയാമാസ്കുകൾ
നാലാൾ കൂടുന്നിടത്തൊക്കെ
മാന്യതയുടെ മാസ്കുകൾ
ആണിനേം പെണ്ണിനേം
ഒന്നിച്ചു കാണാനിടയുള്ളിടത്തെല്ലാം
(കപട)സദാചാര മാസ്കുകൾ
പിടിക്കപ്പെടാത്തിടത്തെല്ലാം
ചെറ്റത്തരത്തിന്റെ മാസ്കുകൾ
അങ്ങാടിയിൽ സാമർഥ്യത്തിന്റെയും
അടുക്കളയിലും അകത്തളത്തിലും
സ്വേച്ഛാധിപത്യത്തിന്റെയും മാസ്കുകൾ

ആദിശങ്കരന്റേയും
ഇ.എം ശങ്കരന്റേയും
ചെഗുവേരയുടെയും
ഇദി അമീന്റെയും
സ്റ്റാലിന്റെയും മാവോയുടെയും
മാർക്സിന്റെയും ലെനിന്റെയും
നെരൂദയുടേയും പൂന്താനത്തിന്റെയും
ഡെസ്മണ്ട് ടുട്ടുവിന്റേയും
മദർ തെരേസയുടെയും
ഇന്ദിരാഗാന്ധിയുടെയും
ലക്ഷണം തികഞ്ഞ മാസ്കുകൾ

ഹിറ്റ്ലർ, ഗീബൽസ്, മുസോളിനി
പോൾപോട്ട്, ലാദൻ
ഫാസിസ്റ്റ്,ഫ്യൂഡലിസ്റ്റ്, ഫണ്ടമെന്റലിസ്റ്റ്,
സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, കമ്മ്യൂണലിസ്റ്റ്,
ലിബറൽ ഡെമോക്രാറ്റ് ...
ഏതിനും പോന്ന മാസ്കുകൾ!

ആതംഗ വാദിയുടെയും
അരാജകവാദിയുടേയും
സന്ദേഹവദിയുടെയും
പ്രതിക്രിയാ വാദിയുടെയും
തരാതരം പോലുള്ള മാസ്കുകൾ!

ഗാന്ധിയാവാനും ഗോഡ്സെയാവാനും
പലതിൽ പലതാവുന്ന മാസ്കുകൾ !
സോഷ്യൽ മീഡിയയിൽ
സ്ത്രീ വിമോചനത്തിന്റെയും
കുടുംബത്തിൽ പുരുഷാഹങ്കാരിയുടെയും
വലിച്ചാൽ വലിയുന്ന മാസ്കുകൾ!

കൊറോണയ്ക്കും മുമ്പ്
പുറമേ ദൃശ്യല്ലെങ്കിലും
ആജന്മവിഭൂഷകളായ
മാസ്കുകളായിരുന്നു
മലയാളി ജീവിതത്തിന്റെ 
ഐക്കണുകൾ ..

ജാമ്യം കിട്ടിയ ലോക്ക്ഡൗണിൽനിന്ന്
വിടുതലാഘോഷിക്കാൻ
പട്ടണത്തിലിറങ്ങിയപ്പോൾ
അകത്തും പുറത്തും
പല നിറത്തിൽ മാസ്ക്കു 
വെച്ച പലജാതി മനുഷ്യർ.
പരസ്പരം കാണുമ്പം
ക്രൗര്യമൊളിപ്പിച്ച്
പുഞ്ചിരിക്കേണ്ടെന്ന ആശ്വാസം 
മാസ്കാക്കിയ മനുഷ്യർ !

ആൾത്തിരക്കേറിയ
വില്പനശാലയിൽ
അകലം പാലിച്ചു നിൽക്കുമ്പോൾ
മാസ്ക് താഴ്ത്തിയ പുഞ്ചിരിയുടെ
വിപണന മൂല്യം
കുശലം ചോദിക്കുന്നു.

'ആദായ വിലയ്ക്ക്
രണ്ടു മാസ്കെടുക്കട്ടേ സാർ!
മുഖത്തിനും മനസ്സിനും ?'

                                          visit   https://kavibasha.blogspot.com

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.