കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Saturday, June 20, 2020

തറവാടു പൊളിക്കുമ്പോൾ/ഇന്ദിരാദേവി.പി.


കവിത
തറവാടു പൊളിക്കുമ്പോൾ
ഇന്ദിരാദേവി.പി.

തറവാടു പൊളിക്കുമ്പോൾ
ഓർമ്മകളൊക്കെയുംഅവളിൽ 
അപ്പൂപ്പൻ താടി കണക്കെ 
ഊയലാടുന്നുണ്ടാകും..
 ചില ഗതികിട്ടാ പ്രേതങ്ങളായി 
അലയുന്നുണ്ടാകും,
ബാല്യത്തിന്റെ മണ്ണടരുകൾ 
തളത്തിൽ മഞ്ചാടിമണികളായി 
പൊഴിയും,
ഒരു കൗമാരക്കാരിയുടെ കൊലുസ് 
ആ വീടു മുഴുവൻ നൃത്തം ചെയ്യുന്നുണ്ടാകും,
മട്ടുപ്പാവിലെ അരവാതിലിനപ്പുറം
കാഴ്ചകൾ വീണ്ടും അവളെ 
മോഹിപ്പിച്ചു കൊണ്ടേയിരിക്കും,
നിറ വയറുമായി തട്ടിൻപുറം കയറുന്ന 
കുറുഞ്ഞിയെ നോക്കി
ഇവൾക്കിതു തന്നെ പണിയെന്നു 
വെറുതെ കലമ്പുന്നുണ്ടാവും,

പകൽ മുഴുവൻ ചിരിച്ച്
 വിങ്ങുന്ന തേങ്ങൽ പെയ്ത് 
രാത്രി പൊഴിയുന്നത് ചിലപ്പോൾ 
അവൾ അറിഞ്ഞിട്ടേ ഉണ്ടാകില്ല,
ചിലമ്പിച്ച ശബ്ദത്തിൽ 
തിളയ്ക്കുന്ന ജല്പനങ്ങൾ
 പതഞ്ഞു പൊങ്ങുന്ന മറു ചില്ലുകൾ 
മുളങ്കീറുപോൽ പെരുകുന്നുണ്ടാകും,
നരിച്ചീറുകൾ തിന്നുതീർത്തതിൻ
 ബാക്കിയായി
പുലർവെട്ടം വീണ്ടും 
മഞ്ഞപ്പല്ലുകാട്ടി ചിരിക്കുന്നുണ്ടാകും,

എങ്കിലും...

തിരിച്ചുപിടിക്കാനാവാതെ 
പിടയുന്ന നഷ്ടപ്പെടലുകളിൽ 
ചേർത്തു പിടിക്കാൻ നീയുണ്ടെന്ന് 
തോന്നുമ്പോഴുള്ള
ആ വെറുമൊരോർമ്മയാണ് 
ഈ ഇന്നിന്റെ കരുത്ത് ..


ഇന്ദിരാദേവി.പി.
എ.എം.യു.പി.എസ്.
മുണ്ടുപറമ്പ...
മലപ്പുറം ജില്ല

3 comments:

Unknown said...

ടീച്ചറെ നന്നായിട്ടുണ്ട്

Unknown said...

Beautiful and touching

Suhful said...

Super����������

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.