ബന്ധനസ്ഥനായ അതിഥി
വാരത്തിൽ നിന്ന് ഒരു ഓട്ടുരുളി എടുത്തു കൊണ്ടുവരുവാൻ അമ്മ എന്നെ പറഞ്ഞയച്ചതാണ്. ഇരുളടഞ്ഞ വാരത്തിന്റെ വാതിൽ ചാരി വല്ലവിധേനയും പുറത്തിറങ്ങാൻ നേരം ഉള്ളിൽ ഒരു ചെറിയ അനക്കം കേട്ടു. അത് മച്ചിൽ നിന്ന് സ്വൈര്യ വിഹാരത്തിന് ഇറങ്ങിയ ഒരു ചുണ്ടെലി ആകാൻ സാധ്യതയുണ്ട്. പക്ഷേ എന്തോ ഒരു ഉൾപ്രേരണ കൊണ്ട് ഞാൻ കെടുത്തിയ ടോർച്ച് വീണ്ടും തെളിച്ചു മുറിയാകെ പരതി. ശബ്ദത്തിന്റെ ഉറവിടം കണ്ട് ഞാൻ ചെറുതായി നടുങ്ങി. വാരത്തിന്റെ ഒരു മൂലയിൽ അലസമായി ചുരുണ്ടുകിടന്ന ഒരു പ്ലാസ്റ്റിക് വലയിൽ കുടുങ്ങിയ മുഴുത്ത പാമ്പ്!!
സ്വതവേ തൊട്ടാവാടിയായ അമ്മ അറിയും മുമ്പ് ഞാൻ സാവകാശം പുറത്തിറങ്ങി അച്ഛനെ കാര്യം ധരിപ്പിച്ചു. മറുപടി പറയാതെ വാഴയ്ക്കു തടംവയ്ക്കുന്ന അച്ഛനെ ഞാൻ ഓർമ്മിപ്പിച്ചു..
" എന്തെങ്കിലും ചെയ്തില്ലെങ്കിൽ അത് അവിടെ കിടന്ന് ചാകും.''
കുട്ടിക്കാലം മുതൽ വേരുറച്ചു പോയതാണ് പാമ്പുകളോടുള്ള അകാരണമായ ഭയം. ഒപ്പം പൂർവികർ എന്ന നിലയിൽ ഭൂമിയുടെ വിദൂരചരിത്രം അടക്കിവാണ ഒരു ജീവിവർഗ്ഗത്തിന്റെ അനിഷേധ്യ പാരമ്പര്യത്തോടുള്ള ആരാധനയും. അതിനോടിഴചേർന്ന് അവകാശവാദങ്ങളില്ലാത്തവരോടുള്ള അലിവും.☺️
ഞങ്ങൾ രണ്ടുപേരും ചേർന്ന് വളരെ ശ്രദ്ധയോടെ ആ വലകൂമ്പാരം പൊതുവഴിയിലെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടു.
"അവൻ പതുക്കെ രക്ഷപ്പെട്ടോളും "
അച്ഛൻ്റെ പ്രസ്താവന.
അവനോ? പാമ്പ് ആണോ പെണ്ണോ? കെണിയിൽപെട്ട ജന്തുവുമായി അച്ഛൻ ഞൊടിയിടയിൽ താദാമ്യം പ്രാപിച്ചു എന്നു മാത്രമല്ല.. വല അലക്ഷ്യമായി ഇട്ടതിന് അമ്മയെ പഴിചാരാനും ഇഷ്ടൻ മറന്നില്ല. 🤪
തട്ടാമുട്ടി പറഞ്ഞ് ആശ്വസിപ്പിച്ച്
അച്ഛൻ വീണ്ടും മരാമത്തു പണികളിൽ മുഴുകി. പക്ഷേ ആ കുറുപ്പിൻ്റെ ഉറപ്പിൽ ഇരിപ്പുറക്കാതെ ഞാൻ പല തവണ ഉരഗരാജനെ സന്ദർശിച്ചു. ഒരു പേരുമിട്ടു "പ്രകാശൻ " - പ്രകാശം പരത്തുന്നവൻ🥰..
രക്ഷപ്പെടാനുള്ള തത്രപ്പാടിൽ പാവം പ്രകാശൻ വലക്കണ്ണികളുടെ ഊരാക്കുടുക്കിൽ പെട്ടിരിക്കുകയാണ്. ജീവിക്കാനുള്ള പഴുതുകൾക്കായി ഉഴറുമ്പോൾ പലപ്പോഴുമിതുപോലെ പ്രശ്നങ്ങളുടെ വലക്കണ്ണികൾ നമ്മളെ കൂടുതൽ ഗാഢമായി വരിഞ്ഞുമുറുക്കാറുണ്ടല്ലോ?🥴
"പാമ്പുകൾക്ക് ഒരിക്കലും പിന്നിലേക്ക് ഇഴയാൻ കഴിയില്ല. നമുക്ക് ഭൂതകാലത്തിലേക്ക് മടങ്ങാൻ കഴിയാത്തതു പോലെ "
പുതിയ ഒരറിവു പകർന്നു നൽകിയ ചാരിതാർത്ഥ്യത്തോടെ മഴു കയ്യിലേന്തി പരശുരാമനെ പോലെ അച്ഛൻ മൊഴിഞ്ഞു.
"റിവേഴ്സ് ഗിയർ ഇല്ലാത്ത ഉശിരൻ വണ്ടിയാണല്ലോടാ നീ? "😁
എന്റെ കുശലാന്വേഷണം പ്രകാശനു അത്ര രസിച്ചില്ല എന്നു തോന്നുന്നു.ഞാൻ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. വികാരങ്ങളെല്ലാം ഉറഞ്ഞുപോയ പ്രാചീനമായ മുഖം. 😑
നാലു മണി ആയപ്പോൾ വേലിക്കപ്പുറം വലിയ ശബ്ദകോലാഹലം. കുട്ടികൾ പ്രകാശനു ചുറ്റും കൈകൊട്ടിക്കളിക്കെ ന്നപോലെ വട്ടത്തിൽ കൂടി നിൽക്കുന്നു. ഒരു ആചാരം എന്ന പോലെ ചുറ്റും നിന്ന് കല്ലെറിയുന്നു. നീളൻ വടി കൊണ്ട് തലങ്ങും വിലങ്ങും പ്രഹരിക്കുന്നു. പ്രകാശൻ നിശബ്ദനായി പുളയുന്നു.
അവറ്റകളെ ഒരുവിധം ആട്ടിപ്പായിച്ച ശേഷം ഞാൻ അച്ഛന്റെ മുന്നിൽ വീണ്ടും സങ്കടമുണർത്തിച്ചു.
''അച്ഛാ, നമുക്ക് അവനെ എങ്ങനെയെങ്കിലും രക്ഷിക്കണം. പാവം!''
പാതിമനസ്സോടെ അച്ഛൻ എന്നെ പിന്താങ്ങി.
"അപകടമാണ് .ചിലപ്പോൾ കടികിട്ടും. പാമ്പിന് അറിയില്ല നമ്മുടെ ഉദ്ദേശം."
മുന്നറിയിപ്പ് നൽകിയിട്ടും ഞാൻ പിന്മാറുന്ന മട്ടില്ല.
കൺമുന്നിലെ സുനിശ്ചിതമായ മരണം ഒരുപക്ഷേ അല്പ കാലത്തേക്ക് കൂടെ നീട്ടിവയ്ക്കാൻ കഴിഞ്ഞാലോ ?
യുഗങ്ങളായി ആദിപാപപ്രേരണാ കുറ്റത്തിനുള്ള പകപോക്കൽ തുടരുകയാണ്.... ഒരു വേള മാപ്പുസാക്ഷിയാണെങ്കിൽ പോലും.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgy2olVmTlVb3IuyBU12WtEemoZxNdGJlFrVJa8HsPxaXKjeGKLpCjp2r4UUgLejZ8QIW60XjyU1252hV0UEceTLBja-bx_Eb-M14YCZYuOhndGFny4_RU40ngc9EANGcwiT64DgXa1_4OR/w400-h353/siva+pic.jpg)
പ്രകാശന്റെ മുന്നിൽ ഒരു ജീവിതമുണ്ട്. മെയ് വഴക്കത്തോടെ കാടും മേടും താണ്ടാൻ.. പടം പൊഴിച്ച് യൗവനം വീണ്ടെടുക്കാൻ.. പശിമയാർന്ന മണ്ണിൽ സ്വന്തം സഞ്ചാരപഥം രേഖപ്പെടുത്താൻ.. സീൽക്കാരങ്ങളിലൂടെ പ്രണയിക്കാൻ.. കൈത പൂക്കുന്ന പൊന്തക്കാടുകളുടെ നിഗൂഢതയിൽ ഇണചേരാൻ.. വിരിഞ്ഞിരിങ്ങുന്ന തലമുറകൾക്കു കാവലാകാൻ.. അനേകകാതങ്ങൾ നീണ്ടുനിവർന്ന പ്രൗഢമായ ഉരഗജന്മം..
പ്രകാശാ..എന്റെ പ്രിയ ചങ്ങാതി... ഒരുപക്ഷേ ഇത് എന്റെ എളിയ നിയോഗം ആയിരിക്കാം.. വീട്ടാനുള്ള കടമായിരുന്നിരിക്കാം.
ക്ഷീണിതനെങ്കിലും പതുക്കെ ഇഴഞ്ഞു നീങ്ങിയ പ്രകാശൻ്റെ അഴകുടലിൽ വലിഞ്ഞുമുറുകി നിന്ന അവസാന കണ്ണി കൂടി അറുത്ത നിമിഷം സൗമ്യനായി അവൻ ഒന്ന് തിരിഞ്ഞു നോക്കി.
ഭാഷയറിയില്ല.. നോട്ടത്തിൻ്റെ അർത്ഥം അറിയില്ല.. പക്ഷേ ചിരന്തനമായ ഒരു മൈത്രീബന്ധത്തിൻ്റെ ഓർമ്മപുതുക്കൽ പോലെ ഹൃദ്യമായിരുന്നു അത്.
കാടും ഉറവകളും മലമുഴക്കികളും തെളിഞ്ഞ പ്രഭാതങ്ങളും ചുവന്ന സായന്തനങ്ങളും നിന്നെ കാത്തിരിക്കുന്നു. തൽക്കാലം വിട ചൊല്ലുക.
എന്റെ മൗനമായ യാത്രാമൊഴി.. നിറഞ്ഞ കണ്ണിൻ്റെ അതാര്യ സന്ധിയിലെങ്ങോ പ്രകാശൻ അപ്രത്യക്ഷനായി....
1 comment:
പാമ്പിനോട് പോലും സഹതാപം ഉം സ്നേഹവും തോന്നുന്ന നല്ല മനസുള്ള ബാല്യം 💞💞
Post a Comment